പണ്ട് നമ്മള് ഓച്ചിറ ഉത്സവത്തിന് കാബറ കാണാൻ പോയത് നീ ഓർക്കുന്നുണ്ടോ?!
പിന്നേ… മറക്കാൻ പറ്റുമോ?!”
കഴിഞ്ഞ ദിവസം മഹേഷിന്റെ പ്രതികാരം സിനിമയിലെ ആ ഡയലോഗ് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് കുറേനാൾ മുൻപ് മധുരയിലെ പാലമേട് ജെല്ലിക്കെട്ട് കാണാൻ പോയ കാര്യമാണ്.
ജനുവരിമാസം പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത്. അതിൽ അലങ്കാനെല്ലൂർ ജെല്ലിക്കെട്ടാണ് ഏറ്റവും പ്രസിദ്ധം. പാലമേട് എന്ന സ്ഥലം മധുരയ്ക്ക് അടുത്തുള്ള ഒരു ഉൾഗ്രാമപ്രദേശം ആയതുകൊണ്ട് ബൈക്കിനാണ് ഞാനും സുഹൃത്ത് സുവീഷും പോയത്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാറിയാണ് വണ്ടി പാർക്കിംഗ് സൗകര്യങ്ങൾ ഉള്ളത്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്തേയ്ക്ക് ആംബുലൻസും പോലീസ് വണ്ടിയും ഒഴികെ വേറെ വണ്ടി ഒന്നും കയറ്റിവിടുന്നത് കണ്ടില്ല.
ബൈക്കു പാർക്ക് ചെയ്ത് ഒരു കിലോമീറ്റർ നടന്ന് ഞങ്ങൾ ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്തെത്തി. രണ്ടു പൂരത്തിനുള്ള ആളുണ്ടവിടെ. ലോകത്തുള്ളത്ര ചാനലുകാരും. ജെല്ലിക്കെട്ട് നന്നായിട്ട് കാണാൻ വേണ്ടി കുറേ അണ്ണന്മാരുടെ തലയിലും തോളിലും ചവിട്ടി തെറിയും കേട്ട് ഒരുവിധം ആളെ നിയന്ത്രിക്കാൻ വേലിയുണ്ടാക്കി വച്ചിരിക്കുന്ന ഒരു വട്ടക്കമ്പിന്റെ മുകളിൽ ഒരുവിധം സ്ഥാനം ഉറപ്പിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് ഓരോ ടീമുകൾ ഇറങ്ങി ഘടാതടിയന്മാരായ കാളക്കൂറ്റന്മാർക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നുണ്ട്. ടീമിൽ ആദ്യം കാളയെ കയ്യിൽ കിട്ടുന്ന ഒരാൾ മാത്രമേ അതിനെ നേരിടാവൂ. നിശ്ചിതദൂരം കാളയെ പിടിമുറുക്കി താണ്ടിയാൽ അയാൾ വിജയിക്കും. അയാൾക്ക് സ്പോണ്സർമാർ അപ്പോൾ തന്നെ പാരിതോഷികങ്ങൾ അവിടെ വച്ചുതന്നെ നൽകും.
ഇനി അഥവാ ആർക്കും പിടികൊടുക്കാതെ കാളയാണ് ആ നിശ്ചിതദൂരം താണ്ടുന്നതെങ്കിൽ കാളയുടെ ഉടമയ്ക്കാവും സമ്മാനം. ആക്രി സാധനങ്ങൾ മുതൽ കാറ് വരെ സമ്മാനമായി കൊടുക്കുന്നത് കണ്ടു. അണ്ണന്മാരെ കൂടാതെ ജെല്ലിക്കെട്ട് കാണാൻ കുറേ സായിപ്പന്മാരും മദാമ്മമാരും വന്നിട്ടുണ്ടായിരുന്നു. ഒരു സായിപ്പിനെ പരിചയപ്പെട്ടു ചോദിച്ചപ്പോൾ ജെല്ലിക്കെട്ട് കാണാൻ വേണ്ടിയാണ് പ്രധാനമായും അമേരിക്കയിൽ നിന്നും വന്നത് എന്ന് പറഞ്ഞു. വെയിൽ മൂത്ത് വിയർത്തു കുളിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ പുറത്തേയ്ക്ക് ഇറങ്ങി. 5 മിനിറ്റ് കഴിഞ്ഞില്ല. സൈറണും മുഴക്കി അതാ പോകുന്നു ഒരാമ്പുലൻസ്. തിരിച്ചു ബൈക്ക് എടുക്കാൻ എത്തിയപ്പോൾ പിന്നാലെ മറ്റൊന്നുകൂടി പോകുന്നു. കായികവും വിനോദവും ഒപ്പം വലിയ അപകടവും ഉള്ള ജെല്ലിക്കെട്ട്, ചെറിയകളിയല്ല.
