കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി റെനീഷ. റെനീഷ എന്ന പേരിനേക്കാൾ സ്വാതി എന്ന പേരായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം. സീതാകല്യാണത്തിലെ സീതയുടെ അനുജത്തിയായ സ്വാതിയെ പ്രേക്ഷകർ ഓർക്കാതിരിക്കില്ലല്ലോ . സ്വാതിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് റെനിഷ റഹ്മാനാണ് . റെനീഷ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സീതാ കല്യാണം സീരിയലിൻ്റെ ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം റെനീഷയ്ക്ക് ലഭിക്കുന്നത് പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ്.
ഓഡീഷൻ നടന്നത് തിരുവനന്തപുരത്ത് വച്ചായിരുന്നു . ഒരു കുടുംബ സുഹൃത്ത് വഴിയാണ് ഓഡീഷനെക്കുറിച്ചറിഞ്ഞത്. അവധിയല്ലേ, എന്നാൽ തിരുവനന്തപുരം കൂടി കണ്ടുകളയാം എന്ന് കരുതിയാണ് റെനീഷ ഓഡിഷനിൽ പങ്കെടുക്കുന്നത്. രണ്ട് മൂന്ന് വർഷത്തേക്ക് നിൽക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ പഠനത്തെ ബാധിക്കുമെന്ന് കരുതി 1 വർഷത്തേക്ക് എഗ്രിമെൻ്റെഴുതി. എന്നാൽ ഒരു വർഷം കൊണ്ടു തന്നെ സീരിയൽ അഭിനയം ഇഷ്ടമാകുകയും പഠനത്തിനൊപ്പം ജോലി പോലെ കൊണ്ടു പോകുകയും ചെയ്യാമെന്ന് മനസിലാക്കി.
വിവാഹ ചടങ്ങുകൾക്കും മറ്റും പങ്കെടുക്കുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. സീതാകല്ല്യാണത്തിലെ സ്വാതിയല്ലേ എന്നു ചോദിക്കുകയും, മുതിർന്നവർ ഉപദേശങ്ങൾ തരുന്നതുമൊക്കെ ഞാൻ വളരെയധികം എൻജോയ് ചെയ്തു. തൃശൂരിലെ കോളേജിലെ അദ്ധ്യാപകർ നന്നായി സഹായിക്കുന്നുണ്ട്. നോട്ടുകളെല്ലാം അയച്ചു തരികയും ഓൺലൈനായി ക്ലാസുകൾ എടുക്കുകയും സംശയങ്ങൾ പറഞ്ഞു തരികയുമെല്ലാം ചെയ്യുന്നുണ്ട്.
മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് റെനീഷ ഇപ്പോൾ. മാർക്ക് കുറഞ്ഞാൽ സീരിയലിൽ തുടരാൻ പറ്റാതെയായേക്കുമെന്നും റെനീഷ പറയുന്നു. സീതകല്ല്യാണത്തിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് ഏട്ടൻ കുറേ നാൾ എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. പഠനത്തെ ബാധിക്കുമെന്ന ആശങ്കയായിരുന്നു ഏട്ടന്. സിനിമയാണെങ്കിൽ കുഴപ്പമില്ലെന്ന അഭിപ്രായമായിരുന്നു ഏട്ടന്. സീരിയലാകുമ്പോൾ തുടർച്ചയായി പോകേണ്ട കാര്യമല്ലേ.
അഭിനയം തുടങ്ങിയ ശേഷം കൂട്ടുകാരടക്കം നന്നായി അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞതിനു ശേഷമാണ് ഏട്ടൻ സമ്മതിച്ചതെന്ന് റെനീഷ പറയുന്നു. 700 എപ്പിസോഡുകൾ പിന്നിട്ട ശേഷമാണ് സീതാകല്യാണം അവസാനിച്ചത്. ഇപ്പോൾ സി കേരളത്തിൽ നടക്കുന്ന റിയാലിറ്റി ഷോയിലും സൂര്യ ടിവിയിലെ ഒരു സീരിയലിലുമാണ് റെനീഷയുള്ളത് .