വൈറൽ ആവാൻ വേണ്ടി വിവാഹവേദികളിൽ ചെയ്യുന്ന പല പരീക്ഷണങ്ങളു൦ നമ്മൾ കണ്ടിട്ടുണ്ടാകും. പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്, സേവ് ദ ഡേറ്റ് തുടങ്ങിയ അവസരങ്ങളിൽ വ്യത്യസ്തമായ വീഡിയോ, ഫോട്ടോ പകർത്തി എങ്ങനെയും വൈറലാകണമെന്നാണ് വധുവരന്മാരുടെ ആഗ്രഹം. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് . വിവാഹശേഷം വധുവും വരുനും അവരുടെ ശരീരത്ത് തീകൊളുത്തി ഓടുന്ന വീഡിയോ ആണിത്.
സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലുമാണ് ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് മുതിർന്നത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഗേബിനെ ഇത്തരത്തിൽ വൈറൽ വീഡിയോ എടുക്കാൻ പ്രേരിപ്പിച്ചത്.
വിവാഹം കഴിഞ്ഞ ഉടൻ ഗേബ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലു൦ ചേർന്ന് നിൽക്കുകയും തുടർന്ന് പിന്നിൽ നിന്നും ഒരാള്‍ രണ്ടു പേരുടെയും ശരീരത്തിൽ തീകൊളുത്തി. ഇരുവരും ആ തീ കത്തുമ്പോൾ തന്നെ കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നു.കണ്ടു നിൽക്കുന്നവർക്ക് ടെൻഷൻ ഉണ്ടെങ്കിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് അവർ പറയുന്നത്. വീഡിയോ എടുത്ത് കഴിഞ്ഞ ഉടൻ തന്നെ തീ അണക്കുന്നതും കാണാം.
തീയുമായി ഓടുന്ന നവദമ്പതികളെ ആർപ്പുവിളികളോടെയാണ് വിവാഹത്തിന് എത്തിയ അതിഥികൾ സ്വീകരിച്ചത്.ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത് വിഡിയോ നിരവധിപ്പേരാണ് കണ്ടത്. ചിലർ ദമ്പതികളെ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ പറയുന്നത് ഇത്തരം അപകടകരമായ പ്രകടനങ്ങൾ നടത്തുന്നത് ഗുണകരമല്ലെന്ന് ആണ്.