രാമായണ കഥയിൽ സീതാദേവിയെ രാവണൻ തട്ടിക്കൊണ്ട് പോയതിനെ തുടർന്ന് ദേവിയെ തിരികെ ലഭിക്കാനും രാവണ നിഗ്രഹണത്തിനുമായി ലങ്കയിലേക്ക് പോകുവാൻ ശ്രീരാമൻ നിർമ്മിച്ച അത്ഭുതകരമായ പാലമാണ് രാമസേതു എന്നാണ് വിശ്വാസം . തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രമേശ്വരത്താണ് രാമസേതുവിൻ്റെ അവശിഷ്ടങ്ങളെന്ന് കരുതപ്പെടുന്ന ഒഴുകുന്ന കല്ലുകൾ ഇന്നും കാണാൻ സാധിക്കുന്നത് . ശ്രീരാമകഥയിലോ അദ്ദേഹം നിർമ്മിച്ച പാലത്തിലോ വിശ്വാസമില്ലാത്തവർക്ക് പോലും ഈ അസാധാരണമായ ഒഴുകുന്ന പാറകളുടെ പിന്നിലെ രഹസ്യം വിശദീകരിക്കാൻ സാധിച്ചിട്ടില്ല.
സീതാദേവിയെ വീണ്ടെടുക്കുവാനുള്ള യാത്രയിൽ ഇന്ത്യൻ ഉപദ്വീപിൽ രാമലക്ഷ്മണൻന്മാർ അവസാനമായി തങ്ങിയ സ്ഥലമാണ് രാമേശ്വരം എന്നാണ് സങ്കൽപ്പം . കാരണം അതിനപ്പുറം കടലും കടലിനക്കരെ രാവണൻ്റെ ലങ്കയുമായിരുന്നു . ലങ്കയിലേക്ക് കടക്കുവാൻ വേണ്ടി അവറൊരു പാലം നിർമ്മിക്കുകയുണ്ടായി . രാമൻ്റെ ദൈവിക ശക്തിയാൽ പാലം പണിയാനുപയോഗിച്ച കല്ലുകൾ സമുദ്രത്തിൽ പൊങ്ങിക്കിടന്നു എന്നാണ് ഐതീഹ്യം . അത്ഭുതകരമായ പൊങ്ങിക്കിടക്കുന്ന കല്ലുകൾ രമേശ്വരത്തിൻ്റെ തീരപ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളു എന്നതാണ് കൗതുകകരമായ വസ്തുത .
പുരാതന രാമക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഓരോ കല്ലിൻ്റെയും ഭാരം 10 മുതൽ 20 കിലോ വരെയാണ് . തീരപ്രദേശത്ത് കാണപ്പെടുന്ന ഇത്തരം കല്ലുകൾ മറ്റെല്ലാ കല്ലുകൾക്ക് സമാനവും സമാന സവിശേഷതക്കുള്ളതുമാണ് . എന്നാൽ ചില പുരാവസ്തു ഗവേഷകർ ഈ കല്ലുകളെ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന അഗ്നിപർവ്വത ശിലയായ പ്യൂമിസുമായി താരതമ്യം ചെയ്യുന്നു . അഗ്നിപർവ്വത മേഖലകൾക്ക് സമീപമാണ് സാധാരണ പ്യൂമിസുകൾ കാണപ്പെടുന്നത് . എന്നാൽ രമേശ്വരത്തിൻ്റെ പരിസര പ്രദേശങ്ങളിലെവിടെയും അഗ്നിപർവ്വതത്തിൻ്റെ നിലനിൽപ്പിനു പോലും സ്ഥാനമില്ല . മറ്റേതെങ്കിലും തരത്തിൽ ഈ കല്ലുകൾ രമേശ്വരത്തെത്തി എന്ന് വിശ്വസിച്ചാലും പ്യൂമിസ് പാറകൾ പോലെ ഭാരമില്ലാത്തവയല്ല എന്നതാണ് മറ്റൊരു വസ്തുത .
അനേകം വർഷങ്ങളായി ഈ കാഴ്ച കാണാൻ സഞ്ചാരികളും യാത്രികരും ഇവിടേക്കൊഴുകുന്നു . ഇതിഹാസങ്ങളുറങ്ങുന്ന പുരാതന രാമക്ഷേത്രം സന്ദർശിക്കുവാനും അത്ഭുതകരമായ കല്ലുകൾ സന്ദർശിക്കാനുമായി നിരവധി ഭക്തരും രാജ്യത്തിൻ്റെ പല കോണുകളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഇവിടെയെത്തിച്ചേരുന്നു .
രാമസേതു നിലനിൽക്കുന്ന രാമേശ്വരം ഹിന്ദു വിശ്വാസികളുടെ പുണ്യതീർത്ഥാടന കേന്ദ്രമാണ് . ഭാരതീയ ധർമശാസ്ത്രങ്ങൾ പ്രകാരം ബദ്രിനാഥ് , ദ്വാരക , ജഗനാഥ്പുരി , രാമേശ്വരം എന്നിവയാണ് ചതുർഥാമങ്ങൾ എന്നറിയപ്പെടുന്നത് . ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിവലിംഗം പന്ത്രണ്ട് മഹാജ്യോതിർലിംഗങ്ങളിൽ ഒന്നാണ് . ഭാരതത്തിൻ്റെ ഉത്തരഭാഗത്ത് കാശി എങ്ങനെയോ അതുപോലെയാണ് ദക്ഷിണഭാഗത്ത് രാമേശ്വരം .