സബ്സിഡിയില്ലാതെ തന്നെ ഗ്യാസിന് അഞ്ഞൂറു രൂപ വരെ ലാഭിക്കാനുള്ള വഴികൾ

നിത്യോപയോഗ സാധനമായ ഗ്യാസിന് ദിനം പ്രതി വില വർദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം രണ്ട് തവണ വില വർദ്ധനവുണ്ടായി. ഗ്യാസ് സബ്സിഡി ലഭിക്കുന്നത് ഉജ്വൽ യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുള്ള ആളുകൾക്ക് മാത്രമാണ്. നിലവിൽ ഗ്യാസ് കണക്ഷൻ ഉള്ളയാളുകൾക്ക് ലഭിക്കുകയില്ല. പുതിയ BPL റേഷൻ കാർഡ് ഉള്ളയാളുകൾക്കക്ക് ഗ്യാസ് കണക്ഷനില്ലെങ്കിൽ ഉജജ്വൽ യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയും. എന്നാലിപ്പോൾ അപേക്ഷ ക്ഷണിക്കുന്നത് നിർത്തി വച്ചിരിക്കുകയാണെങ്കിലും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ സാഹചര്യത്തിൽ വീട്ടിൽ ഗ്യാസിൻ്റെ ഉപയോഗം ശ്രദ്ധിച്ചാൽ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് 50 ദിവസം വരെ നീട്ടാൻ കഴിയും . അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്. ഗ്യാസ് ഓണാക്കാൻ സാധാരണ ഗണ്ണോ ലൈറ്ററോ ഉപയോഗിക്കുന്നതിന് പകരം ഏതെങ്കിലും കത്തിയ വസ്തു ബർണറിനു മുകളിൽ കാണിച്ചു കൊണ്ട് ഗ്യാസ് തുറക്കുക. ലൈറ്ററുപയോഗിച്ചു കത്തിക്കാൻ ശ്രമിക്കുമ്പോൾ തീ കത്തുന്നതിന് മുൻപുള്ള ചെറിയ സമയത്തിനുള്ളിൽ നഷ്ടമാകുന്നത് ഒരു പാചകത്തിന് വരെ ഉപയോഗിക്കാവുന്ന ഇന്ധനമാണ് . തീ കത്തിക്കൊണ്ട് ഗ്യാസ് പുറത്തേക്ക് പോകുന്നതിൻ്റെ പതിന്മടങ്ങാണ് തീയില്ലാതെ ഗ്യാസ് പുറത്തേക്ക് പോകുന്നത്. ഗണ്ണോ ലൈറ്ററോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ബർണറിൽ കൃത്യം പൊസിഷനിൽ വച്ച് ഒറ്റയടിക്ക് കത്തിക്കണം. അങ്ങനെ ചെയ്താൽ അഞ്ചോ ആറോ ദിവസത്തേക്കുള്ള ഗ്യാസ് ലാഭിക്കാം.

രണ്ടാമതായി പാചകം ചെയ്യുമ്പോൾ വലിയ പാത്രങ്ങളും വലിയ കുക്കറുകളും വലിയ സ്റ്റൗവിൽ വയ്ക്കാൻ ശ്രദ്ധിക്കുക. പുറത്തേക്ക് വരുന്ന ഇന്ധനത്തിൻ്റെ അളവ് ചെറുതിലും വലുതിലും ഒരുപോലെയാണെങ്കിലും വ്യാസം കുറവായതിനാൽ പാത്രം ചൂടാകാനും മറ്റും കൂടുതൽ സമയം വേണ്ടിവരും.

പാചകം ചെയ്യുന്നതിനുള്ള ഭക്ഷ്യപദാർത്ഥങ്ങളും മസാല പൊടികളും ഗ്യാസിൻ്റെ തൊട്ടടുത്ത് കൈയ്യകലത്തിൽ വയ്ക്കുക. ഗ്യാസ് കത്തിച്ച് പാത്രം അടുപ്പിൽ വച്ച ശേഷം കറിക്കരിയാനും മറ്റും പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ വിപണിയിൽ ഒരേ സമയം മൂന്ന് വിഭവങ്ങൾ വരെ പാകം ചെയ്യാൻ കഴിയുന്ന ത്രീ ലെയർ കുക്കറുകൾ ലഭ്യമാണ്. അവ വാങ്ങി ഉപയോഗിച്ചാൽ ഇന്ധനം ലാഭിക്കാൻ സഹായിക്കും. പാചകം എപ്പോഴും കുക്കറിൽ ആക്കുന്നതാണ് ഇന്ധനം ലാഭിക്കാൻ നല്ലത് .

പാചകം ചെയ്യാനുപയോഗിക്കുന്ന തീയുടെ നിറം നീലയായിരിക്കണം. ബർണറിൽ അഴുക്കടിഞ്ഞിരിക്കുമ്പോളാണ് ഫ്ലെയിമിന് നിറവ്യത്യാസമുണ്ടാകുന്നത്. അതിനാൽ ബർണർ രണ്ടാഴ്ച കൂടുമ്പോൾ വൃത്തിയാക്കി സൂക്ഷിക്കുക. ബർണറിലെ സുഷിരങ്ങൾ സൂചിയോ മറ്റോ ഉപയോഗിച്ച് തുറന്നു കൊടുക്കുക.

അവസാനമായി ശ്രദ്ധിക്കേണ്ടത് ഗ്യാസിൻ്റെ തൂക്കമാണ്. 14 കിലോയും 200 ഗ്രാമുമാണ് തൂക്കം വേണ്ടത്. പാചക വാതകം ഉൾപ്പെടെയുള്ള തൂക്കം സിലിണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. സിലിണ്ടർ വാങ്ങുന്നതിന് മുൻപ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച് ഉപഭോക്താവിന് തൂക്കം ഉറപ്പ് വരുത്താവുന്നതാണ്. പരാതികളുണ്ട് എങ്കിൽ ലീഗൽ മെട്രോളജിയുടെ ടോൾ ഫ്രീ നമ്പറായ 18004254835 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്. സുതാര്യം എന്ന മൊബൈൽ ആപ്പിലൂടെയും പരാതി രേഖപ്പെടുത്താം . ഇത്തരം നിയമലംഘനങ്ങൾക്ക് 5000 രൂപ വരെയാണ് പിഴ. ഉപഭോക്താവിന് നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെയും സമീപിക്കാം

Leave a Reply