വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും ഒത്തിരി വിളവ് തരുന്നതുമാണ് കുറ്റികുരുമുളക്. വള്ളികുരുമുളകിനെ അപേക്ഷിച്ച് പെട്ടെന്ന് കായ്ക്കുകയും വളരെ എളുപ്പത്തിൽ പരിചരിക്കാൻ കഴിയുന്നതുമാണ് കുറ്റികുരുമുളക്.നമ്മുടെ അടുക്കള തോട്ടത്തിൽ തന്നെ ഇവയെ നട്ട് പരിപാലിക്കാൻ സാധിക്കും. കുറ്റികുരുമുളക് നിലത്തോ ഗ്രോബാഗിലോ ചട്ടിയിലോ കൃഷി ചെയ്യാം. നല്ല ആരോഗ്യമുള്ള തൈകൾ നോക്കി കുരുമുളക് കൃഷിയ്ക്കായി തെരഞ്ഞെടുക്കാം. പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ ചകിരി കമ്പോസ്റ്റും മണ്ണും 2:1 അനുപാതത്തിൽ എടുക്കാം.
ചകിരി കമ്പോസ്റ്റ് ഉപയോഗിക്കുമ്പോൾ ചെടികളുടെ വേരുകൾ നല്ല ആഴത്തിൽ ആഴ്ന്നിറങ്ങാൻ സഹായകമാകുന്നു. ആദ്യം ചകിരികമ്പോസ്റ്റും മണ്ണും ഒരേ അനുപാതത്തിൽ എടുക്കാം. പോട്ടിങ് മിക്സിലേയ്ക്ക് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ഡോളോമേറ്റ് എന്നിവ ചേർക്കാം. ബാക്കിയുള്ള ചകിരി കമ്പോസ്റ്റും 100 ഗ്രാം ഡോളോമേറ്റ്, 200ഗ്രാം വേപ്പിൻ പിണ്ണാക്ക്, അര കിലോ ചാണകപ്പൊടി, 200 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഗ്രോബാഗിൽ നിറയ്ക്കാം. കുരുമുളക് തൈ നട്ടശേഷം ഗ്രാനൂൾസ് ചേർക്കാം. ചെടികളിൽ ഉണ്ടാകുന്ന മൂലകങ്ങളുടെ അഭാവം ഇതിലൂടെ പരിഹാരിക്കാം.
ചെടികൾക്ക് ആവശ്യമായ എല്ലാ തരം മൂലകങ്ങളും ഗ്രാനൂൾസിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രോബാഗിന് നാല് തരി എന്ന കണക്കിൽ ഗ്രാനൂൾസ് ചേർക്കാം. വേരുകൾ നല്ല കരുത്തോടെ വളരാനും വേര് പെട്ടെന്ന് പിടിച്ചുകിട്ടാനും ഹ്യുമിക് ചേർക്കാം.ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലി ഹ്യൂമിക് എന്ന അളവിൽ ചേർക്കാം.അതിൽ നിന്നും ഒരു ചെടിക്ക് 200 മില്ലി എന്ന അളവിൽ ചേർത്തു കൊടുക്കാം. ചെറിയ കുരുമുളക് ചെടികൾക്ക് 100 മില്ലിയും വലിയ കുരുമുളക് ചെടികൾക്ക് 200 മില്ലിയും ചേർക്കാം. ഒരാഴ്ചയോളം കുരുമുളക് തൈകൾ മഴയിൽ നിന്നും സംരക്ഷിക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർഷം മുഴുവൻ കുരുമുളക് വിളവെടുക്കാം. കുറ്റികുരുമുളക് നമുക്ക് തന്നെ വിളവെടുക്കാൻ കഴിയുന്ന ഒന്നാണ്.
