സ്വാതന്ത്ര്യദിനത്തിൽ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇറങ്ങിയിട്ടുള്ളത്. ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഈ സ്കൂട്ടറുകൾക്ക് ഫീച്ചറുകൾ, റേഞ്ച്, റൈഡിങ്ങ് മോഡുകൾ എന്നിവയിൽ വ്യത്യാസമുണ്ടെങ്കിലും ഇവ കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്നതാണ്. ഒല സ്കൂട്ടർ നിരയിൽ എസ്-1പ്രോയാണ് ഉയർന്ന വേരിയന്റ് . വോയിസ് കൺട്രോൾ, ഹിൽ ഹോർഡ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയെ അടിസ്ഥാന വേരിയന്റുകളിൽ നിന്നും വ്യത്യസതമാക്കുന്നത്.
എസ്-1 വേരിന്റിന് 90 കിലോമീറ്റർ പരമാവധി വേഗത എടുക്കാൻ കഴിയും 121 കിലോമീറ്റർ റേഞ്ചും ഉണ്ട്.115 കിലോമീറ്റർ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റർ റേഞ്ചുമാണുള്ളത്.8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിലും ഘടിപ്പിച്ചിട്ടുള്ളത്. എസ്1-ൽ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയിൽ 3.97 kWh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ്-1 പ്രോ ഏകദേശം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ്-1, 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
എസ്-1,എസ്-1 പ്രോ സ്കൂട്ടറുകളിൽ ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് പ്രത്യേകത. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാനും എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്. എസ്-1 അഞ്ച് നിറങ്ങളിൽ വിപണിയിൽ എത്തുമ്പോൾ എസ്-1 പ്രോ പത്ത് നിറങ്ങളിൽ വരുന്നുണ്ട്. റെഡ്, ബ്ലൂ, യെല്ലോ, പിങ്ക്, സിൽവർ, ബ്ലാക്ക്, ഗ്രേ എന്നിവയാണ് പ്രധാനമായും ഒല സ്കൂട്ടറുകൾക്ക് നൽകുന്ന വർണങ്ങൾ.
ഒക്ടാ-കോർ പ്രോസസർ, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാർട്ട് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. റിവേഴ്സ് പാർക്ക് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ എന്നിവയും ഉണ്ട്. ഏറ്റവും ഉയർന്ന സ്റ്റോറേജ് സ്പേസാണ് ഇതിലുള്ളത്. 36 ലിറ്ററാണ് ഈ സ്കൂട്ടറിലെ ബൂട്ട് സ്പേസ്. ടൂബുലാർ സ്റ്റീൽ ഫ്രെയിമിൽ ഒരുങ്ങിയിട്ടുള്ള ഒല ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ് ഉള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നിൽ 220 എം.എം. ഡിസ്കും പിന്നിൽ 180 എം.എം. ഡിസ്കും ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ സുരക്ഷ കാര്യക്ഷമമാക്കും. ഇലക്ട്രിക് സ്കൂട്ടറുകളിൽ മികച്ച ഒന്നായി ഒല മാറുമെന്ന് തന്നെയാണ് ഇപ്പോളുള്ള പ്രതീക്ഷ.
